റിയാദ്: സൗദി അറേബ്യയ്ക്കുനേരേയുണ്ടായ ഹൂതി ആക്രമണങ്ങൾക്കു പിന്നാലെ, സൗദിയുടെ പ്രതിരോധത്തിനായി പാക്കിസ്ഥാൻ വ്യോമാക്രമണം നടത്താനൊരുങ്ങുന്നതായി റിപ്പോർട്ട്.
ഇരുരാജ്യങ്ങളും ഉൾപ്പെടുന്ന ‘മെക്ക സംയുക്ത പ്രതിരോധ കരാർ’ സജീവമാക്കിക്കൊണ്ട് യെമനിലെ ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതർക്കെതിരേ തിരിച്ചടി നൽകാനാണു പാക്കിസ്ഥാന്റെ നീക്കം.
സൗദി അറേബ്യയ്ക്കു നേരേയുണ്ടാകുന്ന ആക്രമണം പാകിസ്ഥാനുനേരെയുണ്ടാകുന്ന ആക്രമണമായി കണക്കാക്കുമെന്നും തിരിച്ചടിക്കാൻ തങ്ങൾ ബാധ്യസ്ഥരാണെന്നും പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് ഈ നീക്കം.
പാക്കിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നീ രാജ്യങ്ങൾ തമ്മിൽ കഴിഞ്ഞ ഓഗസ്റ്റിലാണ് വിശുദ്ധ നഗരമായ മെക്കയിൽ വച്ച് പങ്കാളിത്ത കരാർ ഒപ്പുവച്ചത്. ഏതെങ്കിലും ഒരു അംഗരാജ്യത്തിനുനേരേ ആക്രമണമുണ്ടായാൽ മറ്റു രാജ്യങ്ങൾ ഒന്നിച്ച് തിരിച്ചടിക്കുമെന്നാണ് കരാറിലെ പ്രധാന വ്യവസ്ഥ.
യമനിലെ സാദ ഉൾപ്പടെയുള്ള മേഖലകളിൽനിന്ന് ഹൂതികളെ തുരത്താൻ പാക്കിസ്ഥാൻ ഉടൻതന്നെ വ്യോമാക്രമണം നടത്തിയേക്കുമെന്നാണ് തുർക്കി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ, യെമനിലേക്കു കയറിയുള്ള സൗദിയുടെ നേരിട്ടുള്ള കരയുദ്ധത്തിൽ പാക്കിസ്ഥാൻ പങ്കാളിയാകാൻ സാധ്യതയില്ലെന്നും വിദഗ്ധർ വിലയിരുത്തുന്നു.
ആഗോളതലത്തിൽ സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, സൗദിയെ സംരക്ഷിക്കാൻ പാക്കിസ്ഥാനും തുർക്കിയും എത്രത്തോളം പങ്കാളികളാകുമെന്നത് മെക്ക കരാറിന്റെ ഏറ്റവും വലിയ പരീക്ഷണമായി മാറിയിരിക്കുകയാണ്.
കഴിഞ്ഞദിവസം സൗദിയിലെ എണ്ണ-ഊർജ കേന്ദ്രങ്ങൾക്കുനേരേ ഹൂതികൾ നടത്തിയ ഡ്രോൺ-മിസൈൽ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളുമുൾപ്പടെ 73 ഓളം പേർക്ക് പരിക്കേറ്റിരുന്നു. ഹൂതികളുടെ ആക്രമണത്തെ "അപകടകരമായ സാഹചര്യം' എന്നു വിശേഷിപ്പിച്ച സൗദി അറേബ്യ, തങ്ങളുടെ സുരക്ഷ മുൻനിർത്തി ശക്തമായ തിരിച്ചടി നൽകുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്.